
കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ സമുദ്ര മേഖല നിര്‍ണായക പങ്ക് വഹിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന് പറഞ്ഞു. കൊച്ചിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യയുടെ (ഐഎംഇഐ) പരിപാടിയായ കൊച്ചിന് മറൈന്‍ സെമിനാറില്‍ (കൊമാര്‍സെം 2026) സംസാരിക്കുകയായിരുന്നു അദ്ദേഹം. വിക്സിത് ഭാരത് 2047 എന്ന ദേശീയ ദര്‍ശനത്തിന്റെ ഭാഗമായി ബ്ലൂ ഇക്കണോമി അടിസ്ഥാന സൗകര്യ വികസനത്തിനും ആഗോള മത്സര ശേഷിക്കും സ്ഥിരതയുള്ള വളര്‍ച്ചക്കും പ്രധാന ശക്തിയായി മാറിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 90 ശതമാനത്തിലധികവും കടല്‍ മാര്‍ഗങ്ങളിലൂടെയാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1,520ലധികം മര്‍ച്ചന്റ് കപ്പലുകളും 13 ദശലക്ഷത്തിലധികം ഗ്രോസ് ടണ്ണേജ് ശേഷിയുമുള്ള ഇന്ത്യ ആഗോള ഷിപ്പിംഗ് മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖങ്ങള്‍, കപ്പല്‍ നിര്‍മ്മാണം, ലോജിസ്റ്റിക്സ്, പുതുക്കാവുന്ന ഊര്‍ജം, അനുബന്ധ സമുദ്ര വ്യവസായങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള നിരവധി പദ്ധതികളുടെ പിന്തുണയോടെ ഇന്ത്യ ബ്ലൂ ഇക്കണോമിയില്‍ ആഗോള നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുകയാണെന്നും ശ്യാം ജഗന്നാഥന് വ്യക്തമാക്കി.
സര്‍ക്കാരിന്റെ ലക്ഷ്യം ഇന്ത്യയെ ആഗോള തലത്തില്‍ മുന്‍നിര 10 കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. നിലവിലെ 30,000 ജിടി ശേഷി 5 ലക്ഷം ജിടിയിലേയ്ക്ക് ഉയര്‍ത്താനും പ്രധാന തുറമുഖങ്ങളില്‍ 60 ശതമാനത്തിലധികം പുതുക്കാവുന്ന ഊര്‍ജ ഉപയോഗം ഉറപ്പാക്കാനുമാണ് പദ്ധതി.
സ്ഥിരതയും സര്കുലര് ഇക്കണോമി ആശയങ്ങളും സര്‍ക്കാര്‍ നയങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞു. ഷിപ്പ് റീസൈക്ലിംഗ് വഴി മാലിന്യത്തില്‍ നിന്ന് സമ്പത്ത് സൃഷ്ടിക്കുന്നതിലൂടെ ഇന്ത്യയെ ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. കൂടാതെ, തുറമുഖ പ്രദേശങ്ങളുടെ കുറഞ്ഞത് 33 ശതമാനം ഹരിത മേഖലകളായി വികസിപ്പിക്കാനും പദ്ധതിയുണ്ട്.
മാരിടൈം അമൃത് കാല് വിഷന്‍ 2047 പ്രകാരം, കപ്പല്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയെ ആഗോള തലത്തില്‍ മുന്‍നിരയിലുള്ള അഞ്ച് രാജ്യങ്ങളില്‍ എത്തിക്കുകയും കപ്പല്‍ പുനര്സംസ്കരണത്തില് ആഗോള നേതൃത്വം നിലനിര്‍ത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
കാര്‍ബണ്‍ ന്യൂട്രല്‍ തുറമുഖങ്ങള്‍, ഹരിതവും പകരം ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കല്‍, ഗ്രീന്‍ ബങ്കറിംഗ് സൗകര്യങ്ങള്‍, കുറഞ്ഞ മലിനീകരണമുള്ള കപ്പലുകള്‍ക്ക് ഇന്‍സെന്റീവ് തുടങ്ങിയവയാണ് പ്രധാന പദ്ധതികളിലുള്ളത്. ഇതിന്റെ ഭാഗമായി 11 പ്രധാന സമുദ്ര മേഖലകളിലായി 300ലധികം തന്ത്രപരമായ പദ്ധതികളും, ഹരിത കപ്പലുകള്‍ക്കും റെട്രോഫിറ്റിംഗിനും 20-30 ശതമാനം സാമ്പത്തിക സഹായവും നല്‍കും.
2025ല്‍ ബില്‍സ് ഓഫ് ലേഡിംഗ് ആക്ട്, കാരിയേജ് ഓഫ് ഗുഡ്സ് ബൈ സീ ആക്ട്, കോസ്റ്റല്‍ ഷിപ്പിംഗ് ആക്ട്, മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട്, ഇന്ത്യന്‍ പോര്‍ട്ട്സ് ആക്ട് എന്നീ അഞ്ച് പ്രധാന സമുദ്ര നിയമങ്ങള്‍ പാസാക്കിയതിലൂടെ നിയന്ത്രണ സംവിധാനങ്ങള്‍ ആധുനികമാക്കുകയും, ബിസിനസ് സൗകര്യം മെച്ചപ്പെടുത്തുകയും, ഇന്ത്യയുടെ സമുദ്ര നിയമ ചട്ടക്കൂട് ആഗോള മാനദണ്ഡങ്ങളോട് പൊരുത്തപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ആഗോള കപ്പല്‍ പുനര്‍സംസ്കരണ ടണ്ണേജിന്റെ 30-35 ശതമാനം ഇന്ത്യ കൈകാര്യം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ ഇരുമ്പ് സ്ക്രാപ് ആവശ്യത്തിന്റെ 20-25 ശതമാനം ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും ഗുജറാത്തിലെ അലാങ്–സോസിയയില് ഉള്ള 115 ഹോങ്കോംഗ് കണ്വെന്ഷന് അനുസൃത യാര്‍ഡുകള്‍ ഗ്രീന്‍ സ്റ്റീല്‍ മേഖലയെയും വലിയ തോതിലുള്ള തൊഴില്‍ സൃഷ്ടിയെയും പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ഹരിത ഷിപ്പിംഗ് വെറും നിയമാനുസൃത മാത്രമല്ല, കുറഞ്ഞ കാര്‍ബണ്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ മത്സരക്ഷമത നിലനിര്‍ത്തുന്നതിനുള്ള നിര്‍ണായക ഘടകമാണെന്നും ശ്യാം ജഗന്നാഥന് പറഞ്ഞു. മാരിടൈം ഇന്ത്യ വിഷന്‍ 2030, മാരിടൈം അമൃത് കാല് വിഷന്‍ 2047, ഐഎംഒയുടെ നെറ്റ് സീറോ 2050 ലക്ഷ്യം, ഇന്ത്യയുടെ പഞ്ചാമൃത പ്രതിജ്ഞ എന്നിവയുമായി ഇന്ത്യയുടെ സമുദ്ര പരിവര്‍ത്തനം ഒത്തുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ പരിഷ്കാരങ്ങളും അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും ഹരിത പദ്ധതികളും വഴി വിക്സിത് ഭാരത് 2047 ലക്ഷ്യം കൈവരിക്കുന്നതില്‍ സമുദ്ര മേഖല നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Photo Courtesy - Google








